കൈവരി തകർന്നു: അപകടക്കെണിയായി കാട്ടാമ്പള്ളി പാലം
കാട്ടാമ്പള്ളി പാലത്തിലൂടെ നടന്ന് പോകുന്നവർ ശ്രദ്ധിക്കുക, പാലത്തിന്റെ കൈവരി തട്ടി പരിക്കേൽക്കാൻ സാധ്യതയുണ്ട്. അരനൂറ്റാണ്ടോളം പഴക്കമുള്ള പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിലാണ്. ഇരുവശത്തുമുള്ള കൈവരിയുടെ കോൺക്രീറ്റ് കമ്പികൾ കാലപ്പഴക്കത്താൽ ദ്രവിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാണ്.
പല ഭാഗങ്ങളിലും സിമൻറ് അടർന്നുവീണ് ഇഷ്ടികയും കമ്പിയും പൂർണമായും തകർന്നിട്ടുണ്ട്. എതുസമയവും കൈവരി തകർന്ന് വീഴുമെന്നതിനാൽ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറി.
മയ്യിൽ, കണ്ണാടിപ്പറമ്പ്, നാറാത്ത്, കൊളച്ചേരി, നെല്ലിക്കപ്പാലം, അരിമ്പ്ര, മുല്ലക്കൊടി, ചെക്കിക്കുളം എന്നീ ഭാഗങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ കൈവരിയോട് ചേർന്ന് മാറിനിൽക്കാറുണ്ട്.
ഒട്ടേറെപ്പേർക്ക് കൈവരിയുടെ കമ്പി തട്ടി പരിക്കേറ്റിട്ടുണ്ട്. മയ്യിൽ, നാറാത്ത്, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കണ്ണൂർ നഗരവുമായി ബന്ധപ്പെടാനുള്ള എളുപ്പവഴി കൂടിയാണ് കാട്ടാമ്പള്ളി പാലം. 1963ൽ നിർമിച്ച ഈ പാലം കൂടുതൽ അപകടമാകുന്നതിന് മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Post a Comment