കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, വേലിയേറ്റത്തിൽ വാഹനം പൂർണ്ണമായും മുങ്ങി, കാലടി സ്വദേശി പ്രിൻസിനൊപ്പം മറ്റൊരാളും മരിച്ചു. ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിൻസിന്റെ മടക്കം. അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ.
വെല്ലിങ്ടൺ: പ്രവാസലോകത്തെ നടുക്കി ന്യൂസിലാൻഡിലെ വെല്ലിങ്ടണിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാലടി താന്നിപ്പുഴ ഇഞ്ചിപറമ്പൻ പോളിന്റെ മകൻ പ്രിൻസ് പോൾ (35) ആണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെ വെല്ലിങ്ടണിലെ മാക്കറ ബീച്ച് റോഡിലായിരുന്നു അപകടം. പ്രിൻസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയും അപകടത്തിൽ മരണപ്പെട്ടതായാണ് വിവരം..
വളവുകൾ നിറഞ്ഞതും അപകടസാധ്യത ഏറിയതുമായ മാക്കറ ബീച്ച് റോഡിൽ വെച്ച് പ്രിൻസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 3 മീറ്ററോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കടലിനോട് ചേർന്നുള്ള ഭാഗമായതിനാൽ വേലിയേറ്റ സമയത്ത് തോട്ടിലെ ജലനിരപ്പ് ഉയർന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ശരീരം കണ്ടെടുത്തതെന്ന് ന്യൂസിലാൻഡ് പോലീസ് സ്ഥിരീകരിച്ചു..
2015ല് ആണ് മികച്ച ജീവിതം ലക്ഷ്യമിട്ട് പ്രിൻസ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്. കഠിനാധ്വാനത്തിലൂടെയും, വിനയത്തോടെയുള്ള പെരുമാറ്റത്തിലൂടെയും വെല്ലിങ്ടണിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം നാട്ടിലെയും പ്രവാസലോകത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്..
പ്രിൻസിന്റെ മരണം ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തെ തുടർന്ന് മാക്കറ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്..

Comments
Post a Comment