ഒരു 'സോറി'യിൽ തീരേണ്ട തർക്കം. അച്ഛനില്ലാത്ത വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും തണലായ ആ 19 വയസ്സുകാരന്‍ മകൻ ഇനിയില്ല, കവർന്നത് ഒരമ്മയുടെ ഏക പ്രതീക്ഷ.
കൊല്ലം: ആഘോഷത്തിമിർപ്പിനിടയിൽ വിറങ്ങലിച്ചുപോയ ഒരു നാട്. ഒരു കത്തികുത്തില്‍ ഇല്ലാതായത് 19 വയസ്സുകാരൻ തേജസ്സിൻ്റെ ജീവൻ മാത്രമല്ല, ഒരു കുടുംബം വർഷങ്ങളായി നെയ്തുകൂട്ടിയ സ്വപ്നങ്ങൾ കൂടിയാണ്. മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ അതിദാരുണമായ മരണം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്..
ഘോഷയാത്രയുടെ മുൻപിൽ ആവേശത്തോടെ നൃത്തം ചെയ്തവർക്കിടയിൽ സംഘാടകനായി നിന്ന തേജസ്സിന് അബദ്ധത്തിൽ ഒരു ചവിട്ടേറ്റു. 'എന്തിനാണ് ചവിട്ടിയത്?' എന്നൊരു ചോദ്യം... ഒരുപക്ഷേ ഒരു 'ക്ഷമ'യിൽ അവസാനിക്കേണ്ടിയിരുന്ന ആ നിമിഷം ചോരപ്പുഴയായി മാറി. പുറത്തുനിന്നെത്തിയ സംഘത്തിലെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന മാരകായുധമെടുത്ത് ആ 19കാരൻ്റെ നെഞ്ചിലേക്ക് ആഴ്ത്തി. ഒരു നാടിൻ്റെ മുഴുവൻ പ്രിയപ്പെട്ടവനായിരുന്ന തേജസ്സ് അവിടെ പിടഞ്ഞുവീണു..
തേജസ്സിന് വളരെ കുഞ്ഞായിരിക്കുമ്പോഴേ അച്ഛനെ നഷ്ടപ്പെട്ടതാണ്. പിന്നീട് അമ്മ സൗമ്യ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളർത്തിയത്. മക്കളെ ഒരു നിലയിലെത്തിക്കാൻ അവർ സഹിച്ച യാതനകൾക്കൊടുവിലാണ് ഏതാനും വർഷം മുമ്പ് സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചത്. തൻ്റെ കഷ്ടപ്പാടുകൾ മകൻ തീർക്കുമെന്നും അവൻ വലിയൊരു എഞ്ചിനീയറാകുമെന്നും ആ അമ്മ സ്വപ്നം കണ്ടു. പക്ഷേ, ഒരു നിമിഷത്തെ അസഹിഷ്ണുത ആ അമ്മയുടെയും സഹോദരിയുടെയും ലോകം എന്നെന്നേക്കുമായി ഇരുട്ടിലാക്കി..
ആഘോഷങ്ങളിൽ പങ്കെടുക്കാൻ വരുമ്പോൾ എന്തിനാണ് ഈ യുവാക്കൾ മാരകായുധങ്ങൾ കൈയ്യിൽ കരുതുന്നത്? ചെറിയൊരു തർക്കത്തിന് പോലും മറ്റൊരാളുടെ ജീവനെടുക്കാൻ മടിക്കാത്ത ഈ ക്രിമിനൽ സ്വഭാവം നമ്മുടെ സമൂഹത്തെ എവിടെ എത്തിക്കും? തേജസ്സിൻ്റെ മരണം ഉന്നയിക്കുന്ന ചോദ്യങ്ങൾ ചെന്നെത്തുന്നത് ഭയപ്പെടുത്തുന്ന ഒരവസ്ഥയിലേക്കാണ്..
ഒരു നാടിൻ്റെയും വീട്ടുകാരുടെയും കണ്ണീരായി മാറിയ പ്രിയപ്പെട്ട തേജസ്സിന് വിട... ആ കുടുംബത്തിൻ്റെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം..

Comments
Post a Comment