ഉച്ചത്തിലുള്ള സംഗീതവും, മിന്നിമറയുന്ന ലൈറ്റുകളും കാരണം തേജസിൻ്റെ നിലവിളി ആരും കേട്ടില്ല. കുത്തേറ്റ തേജസ് റോഡിൽ വീണപ്പോൾ, നൃത്തം ചെയ്ത് തളർന്നു വീണതാണെന്ന് കരുതിയത്...
കൊല്ലം: വെറും നിസ്സാരമായ തർക്കത്തിൻ്റെ പേരിൽ ഒരു അമ്മയുടെ ഏക മകന്റെ ജീവണ്‍ നടുറോഡിൽ അവസാനിച്ചു. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിൻ്റെ മകൻ തേജസ് (19) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30ന് കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടെ ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
ഉത്സവ ഫ്ലോട്ടിന് മുന്നിൽ ആവേശത്തോടെ നൃത്തം ചെയ്യുകയായിരുന്നു തേജസ്. ഇതിനിടെ അക്രമിസംഘത്തിലെ ഒരാളുടെ കാലിൽ തേജസ് അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ പ്രകോപിതരായ അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് ഉപദ്രവിക്കുകയും കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ആദിത്യൻ എന്നയാൾ തേജസിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.
ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും, മിന്നിമറയുന്ന എൽ.ഇ.ഡി ലൈറ്റുകളും കാരണം തേജസിൻ്റെ നിലവിളി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുത്തേറ്റ തേജസ് റോഡിൽ വീണപ്പോൾ, നൃത്തം ചെയ്ത് തളർന്നു വീണതാണെന്ന് കരുതി നാട്ടുകാർ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഫ്ലോട്ട് കടന്നുപോയ ശേഷമാണ് തേജസിന് കുത്തേറ്റിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടന്ന് 8 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ കൊട്ടിയം പോലീസ് പിടികൂടി. ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽ രാജ് (29) പ്രായപൂർത്തിയാകാത്ത 2 പേർ എന്നിവരാണ് പിടിയിലായത്. വെളിച്ചിക്കാലയിലെ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതികളെ ഒളിവിൽ പാർപ്പിച്ച യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്..

Comments
Post a Comment