ലക്ഷങ്ങളുടെ കടബാധ്യതയും മാനസിക ബുദ്ധിമുട്ടും, 21 വയസ്സുകാരനായ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ബെംഗളൂരു: ഓൺലൈൻ ഗെയിമിംഗിന്റെ മാരകമായ പ്രത്യാഘാതങ്ങൾ വീണ്ടും ചർച്ചയാക്കി കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം. കലബുറഗി സ്വദേശിയായ 21 വയസ്സുകാരൻ അനിഷ്കർ ചൗഹാനെയാണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബീദറിലെ ബ്രിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അനിഷ്കർ.
ഓൺലൈൻ ഗെയിമുകളിലൂടെ വൻതുക നഷ്ടപ്പെട്ടതാണ് അനിഷ്കറെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സുഹൃത്തുക്കളിൽ നിന്ന് ഏകദേശം 70,000 രൂപ മുതൽ 80,000 രൂപ വരെ അനിഷ്കർ കടം വാങ്ങിയിരുന്നു. ഡിജിറ്റൽ പരിശോധനയിൽ ഇയാൾ പതിവായി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായി കണ്ടെത്തി. പണം മുഴുവൻ ഗെയിമിലൂടെ നഷ്ടപ്പെട്ടത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. പുലർച്ചെ 12:30-ഓടെയാണ് വിവരം ലഭിക്കുന്നത്. ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ ഇത് ജീവനൊടുക്കിയത് ആണെന്ന് ഉറപ്പിച്ചു..
അനിഷ്കർ ഏത് തരം ഗെയിമുകളാണ് കളിച്ചിരുന്നതെന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇയാളുടെ ഫോണിലെ ചില പ്രധാന വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇവ വീണ്ടെടുക്കാനും ഏത് ആപ്പുകളാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്താനുമുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്..
മരണപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് നൽകിയ ഔദ്യോഗിക പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
ഭാവി വാഗ്ദാനമായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം സഹപാഠികളെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment