പ്രിയപ്പെട്ടവന്റെ വേർപാട് കണ്ടുനില്‍ക്കാന്‍ ആയില്ല, ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി ഭാര്യയും ജീവനൊടുക്കി...
ബംഗളൂരു: ജീവിതത്തിലെ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാവാതെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ഫ്ലാറ്റിന്റെ 17ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭാര്യയുടെ മരണം. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്..
ഇന്നലെ വൈകിട്ടോടെ ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്മെന്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിലെ ഉദ്യോഗസ്ഥയാണ് ഭാര്യ ബിബി ഷാസിയ. ജോലി കഴിഞ്ഞ് ബിബി വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ഭര്‍ത്താവ് ഭാനു ചന്ദറിനെ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുക ആയിരുന്നു..
ഈ ദാരുണമായ കാഴ്ച കണ്ടുനിന്ന ഭാര്യ, നിമിഷങ്ങൾക്കകം ഫ്ലാറ്റിന്റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരേ നാട്ടുകാരായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നാണ് സൂചന.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങളോ മറ്റ് മാനസിക ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. വിശദമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐടി നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ് ഈ ദമ്പതികളുടെ വേർപാട്..

Comments
Post a Comment