ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യയ്ക്ക് ആറാം ജയം, ബോളിങ് കരുത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു

 


ഏകദിന ലോകകപ്പില്‍ ബോളിങ് കരുത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിന് തോല്‍പിച്ചു. ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാമതായി. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് പുറത്തായി. 27 റണ്‍സെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോറൂട്ടും സ്റ്റോക്സും പൂജ്യത്തിന് പുറത്തായി. മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരാര്‍ക്കും ഇന്ത്യക്കായി ഷമി നാലും ബുംറ മൂന്നും കുല്‍ദീപ് രണ്ടും ജഡേജ ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍. ഇന്ത്യ 229/9; ഇംഗ്ലണ്ട് 129/10.


ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദൗര്‍ബല്യം കൃത്യമായി കാട്ടിത്തന്ന മല്‍സരമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ളത്. പവര്‍പ്ലേയില്‍ കൃത്യതയോടെ ഇംഗ്ലീഷ് ബോളര്‍മാര്‍ തിളങ്ങി. മോശം ഷോട്ടുകള്‍ കളിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. ടൂര്‍ണമെന്റില്‍ ആദ്യമായി ഒന്നാമത് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ തുടക്കത്തിലേ ഞെട്ടി. നാലാം ഓവറില്‍ ഗില്‍ പുറത്ത്. 9 പന്തുകള്‍ നേരിട്ട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് മാത്രം. ലോകകപ്പ് മല്‍സരങ്ങളില്‍ ഇതാദ്യമായാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. പ്രതീക്ഷയുടെ അമിത ഭാരവുമായി ക്രീസില്‍ നിന്ന അയ്യരെ വീണ്ടും ഷോര്‍ട്ട് ബോള്‍ പ്രലോഭിപ്പിച്ചു. രോഹിതും ലോക്കല്‍ ബോയി കെ.എല്‍.രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനം. അനാവശ്യഷോട്ടിന് ശ്രമിച്ച് രാഹുല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 131 മാത്രം.


അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സിക്സറുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിനെ ആകെ ആശ്വാസം. ഈ വര്‍ഷം ഏകദിനത്തില്‍ ആയിരം റണ്‍സ് പിന്നിട്ട രോഹിത് കരിയറിലാകെ 18,000 റണ്‍സെന്ന നാഴികകല്ലും പിന്നിട്ടു. അര്‍ഹിച്ച സെഞ്ചുറിക്കരികെ രോഹിത് വീണെങ്കിലും സൂര്യകുമാര്‍ ഇന്ത്യയെ ഇരുന്നൂറ് കടത്തി. അര്‍ധസെഞ്ചുറി നഷ്ടമായെങ്കിലും സൂര്യ തന്റെ റോള്‍ ഭംഗിയാക്കി. വാലറ്റത്ത് 16 റണ്‍സെടുത്ത് ബുംറ ബാറ്റിങ്ങില്‍ തിളങ്ങി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം