റിയാദിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പടെ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച, പ്രവാസികൾക്ക് പരുക്ക്
റിയാദ്∙ റിയാദിലെ നസീമിൽ താമസസ്ഥലം കുത്തിത്തുറന്ന് മലയാളി വ്യാപാരികളെ ആക്രമിച്ച സംഘം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ച നടത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമായിരുന്നു മോഷണം. പരുക്കേറ്റ മലയാളികളിൽ ചിലർ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞദിവസം പുലർച്ചെ 2.30ഓടെയാണ് പാക്കിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘം നസീമിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

Comments
Post a Comment