ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ സ്വദേശിനിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും
കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ നിടിയോടി സ്വദേശിനി ദേവികയുടെ (22) കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ മനുഷ്യാവകാശ സംഘടനയായ പി യു സി എൽ കണ്ണൂർ ജില്ലാ കമ്മിറ്റിയും ജപ്പാനിലെ മലയാളി സംഘടനകളും രംഗത്ത്.
അഡ്വ. പി എ പൗരൻ, പി യു സി എൽ ജില്ലാ കൺവീനർ സുചിത്ര വിവേക്, അഡ്വ. വീണ എന്നിവരുടെ നേതൃത്വത്തിൽ ജപ്പാനിലെ നിഹോൺ കൈരളി, വേൾഡ് മലയാളി ഫെഡറേഷൻ എന്നീ മലയാളി സംഘടനകളുടെ ഭാരവാഹികളായ അനിൽ സെൻ, ജോജോ ജേക്കബ്, സജേഷ് എന്നിവരുമായി ബന്ധപ്പെട്ടു.
ഇന്ത്യൻ എംബസിയുമായി ഏകോപിച്ച് ദേവികയുടെ അന്ത്യകർമങ്ങൾ ജപ്പാനിൽ വെച്ച് നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്ത്യകർമ തീയതി നിശ്ചയിച്ച ശേഷം ചെലവുകൾക്കായി ഫണ്ട് സമാഹരിക്കാനും കർമങ്ങൾക്ക് ശേഷം ചിതാഭസ്മവും ആവശ്യമായ രേഖകളും നാട്ടിലെത്തിക്കാനും ധാരണയായിട്ടുണ്ട്. ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പി യു സി എൽ ഭാരവാഹികൾ അറിയിച്ചു.

Comments
Post a Comment