നൊമ്പരമായി അനൈഗിന്റെ മരണം; വിതുമ്പലടങ്ങാതെ വിദ്യാലയ മുറ്റം.
മടിക്കൈ: കാഞ്ഞിരപ്പൊയിൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അനൈഗിൻ്റെ ആകസ്മിക മരണം അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം കളിച്ചും തമാശ പറഞ്ഞും വീട്ടിലെത്തിയ അനൈഗിനെക്കുറിച്ച് പിന്നീട് നാടും നാട്ടുകാരും അറിഞ്ഞത് ഏവരെയും നൊമ്പരപ്പെടുത്തിയ ദുരന്തവാർത്തയായിരുന്നു.
മൂന്ന് റോഡ് നന്ദൻകുഴി അങ്കണവാടിക്ക് മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങിയാണ് അനൈഗിന് ദാരുണാന്ത്യമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെ കഴുത്ത് കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിക്കപ്പ് ഡ്രൈവറായ രാജേഷിൻ്റെയും ഷോപ്പ് ജീവനക്കാരിയായ നീതുവിൻ്റെയും ഏകമകനാണ് അനൈഗ്. അനൈഗിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രമാണ്. അഞ്ചാം ക്ലാസ് വരെ മലപ്പച്ചേരി സ്കൂളിൽ പഠിച്ചിരുന്ന അനൈഗ്, ഈ അധ്യയന വർഷം മുതലാണ് കാഞ്ഞിരപ്പൊയിൽ സ്കൂളിൽ ചേർന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഉച്ചയ്ക്ക് കാഞ്ഞിരപ്പൊയിൽ ഹൈ സ്കൂളിലും, ശേഷം അനൈഗിൻ്റെ ജന്മഗ്രാമമായ മൂന്ന് റോഡിലും പൊതുദർശനത്തിന് വെച്ചു. ദുഃഖം ഘനീഭവിച്ച വിദ്യാലയ മുറ്റത്ത് അനൈഗയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയ അധ്യാപകരും സഹപാഠികളും നാട്ടുകാരും കണ്ണീർ വാർത്തു.
ഇന്നലെ വരെ കൂടെക്കളിച്ച പ്രിയപ്പെട്ട കൂട്ടുകാരനെ, വിദ്യാർത്ഥിയെ അധ്യാപകരും വിദ്യാർത്ഥികളും നിറകണ്ണുകളോടെ യാത്രയാക്കി.

Comments
Post a Comment