ആഡംബര ബൈക്കിൽ കടത്തിയഎംഡിഎംഎയുമായി വാഹന പരിശോധനയ്ക്കിടെ യുവാവ് പിടിയിൽ,
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആഡംബര ബൈക്കിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.
പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ.മുഹമ്മദ് അഫ്രീദി(26)നെയാണ് തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാള്‍ ബൈക്കുമായി പിടിയിലായത്.
വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെ.എല്‍-59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദി പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്പീഡ് കുറച്ച് വീണ്ടും മുന്നോട്ടേക്ക് എടുക്കാന്‍ ശ്രമിക്കവെ പോലീസ് തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്.
തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ3.3325 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതില്‍ ചൊറുക്കള സ്വദേശിയും ഇപ്പോല്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തുവരുന്നതുമായ സഫ്വാന്‍ എം.ഡി.എം.എ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയിഎടുത്ത് വരികയാണെന്ന് പോലീസിനോട് പറഞ്ഞു.
സഫ്വാന്‍ ക്യൂആര്‍ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യ ഫിദയുടെ അക്കൗണ്ടിലേക്ക് എം.ഡി.എം.എയുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും യുവാവ് സമ്മതിച്ചു.
പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ12,670 രൂപയും പോലീസ് അഫ്രീദിയില്‍ നിന്ന് പിടിച്ചെടുത്തു. ഗ്രേഡ് എ.എസ്.ഐ ഇബ്രാഹിം സീരകത്ത്, സി.പി.ഒ എം.പി.നവാസ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.
അഫ്രീദി നേരത്തെ എം.ഡി.എം.എയുമായി പിടിയിലായിരുന്നു.
വിദേശത്തുനിന്നും ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരം ഞെട്ടിക്കുന്നതാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

Comments
Post a Comment