പുതിയതെരുവിലെ ജനവിരുദ്ധ ഗതാഗത പരിഷ്കരണവും ധിക്കാരപരമായ നിലപാടും നാടിനെ തകർക്കുന്നു: സംരക്ഷണ സമിതി

 




പുതിയതെരു: പുതിയതെരുവിലെ ജനവിരുദ്ധ ഗതാഗത പരിഷ്കരണവും എം.എൽ.എയുടെ ധിക്കാരപരമായ ഇടപെടലും വ്യാപാരമേഖലയെ തകർക്കുന്നതും കടകൾ അടച്ചുപൂട്ടിക്കുന്നതുമാണെന്ന് വ്യാപാരി വ്യവസായി സംരക്ഷണ സമിതി യോഗത്തിൽ വിലയിരുത്തി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയെ മുന്നിൽ നിർത്തി പുതിയതെരുവിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ നടപ്പിലാക്കിയ അശാസ്ത്രീയവും ജനവിരുദ്ധവുമായ ഗതാഗത പരിഷ്കരണങ്ങൾ പ്രദേശവാസികളെയും ചെറുകിട വ്യാപാരികളെയും വൻ ദുരിതത്തിലേക്ക് തള്ളിവിട്ടു. വാഹന ഗതാഗതത്തിന്റെ സൗകര്യാർത്ഥം എന്ന പേരിൽ പുതിയതെരുവിൽ നടപ്പിലാക്കിയ വൻമതിൽ പരിഷ്കാരങ്ങൾ പ്രാദേശിക ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയും ഉപജീവന മാർഗ്ഗത്തെയും പൂർണ്ണമായി ഹനിക്കുന്നതാണെന്ന ആക്ഷേപം നിലവിൽ ശക്തമാണ്. ഇതിനെതിരെ വ്യാപാരികളും നാട്ടുകാരും ശക്തമായി പ്രതിഷേധിക്കുന്നു.

കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കാട്ടാമ്പള്ളി-മയ്യിൽ റോഡിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള യാത്രാമാർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളത് യാതൊരു കൂടിയാലോചനയുമില്ലാതെ അടച്ചുകളഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതേ സമയം, പ്രദേശത്തെ സ്വകാര്യ ബാർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്ക് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും യു-ടേൺ എടുക്കാനും പ്രത്യേക സൗകര്യമൊരുക്കിയത് ആരുടെ താൽപ്പര്യപ്രകാരമാണെന്ന് അധികാരികൾ വ്യക്തമാക്കണം. പുതിയതെരുവിലെ സ്വകാര്യ ബാറിൽ വിവിധ പരിപാടികൾ നടക്കുമ്പോൾ നിരന്തരം വാഹനങ്ങൾ കയറിയിറങ്ങുന്നത് വലിയ ഗതാഗതക്കുരുക്കിനും അപകടാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. ഇതിന് കാരണം പുതിയതെരു സ്റ്റൈലോ കോർണ്ണറിലെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സ്‌ സ്റ്റോപ്പും തളിപ്പറമ്പ ഭാഗത്തേക്കുള്ള ബസ്സ്‌ സ്റ്റോപ്പും ബാറിലേക്കുള്ള പ്രവേശന കവാടത്തിന് സമീപവും കവാടത്തിന് എതിർവശത്തും സ്ഥിതിചെയ്യുന്നതാണ്. ചിറക്കൽ പോസ്റ്റാഫീസിന് മുന്നിലെ ദീർഘദൂര ബസ്സുകൾക്കുപ്പെടെയുള്ള ബസ്സ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതാണ് ഇതിന് മറ്റൊരു കാരണം. ഈ ഗതാഗത പരിഷ്ക്കരണം കാരണം വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഉപഭോക്താക്കൾ എത്താതെയും ബസ് സ്റ്റോപ്പുകൾ മാറ്റിയതിന്റെ ഭാഗമായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത ഇത്തരം ഏകപക്ഷീയമായ നടപടികൾക്കും നാശകരമായ നയങ്ങൾക്കും പിന്നിൽ എം.എൽ.എയുടെ ധിക്കാരപരമായ ഇടപെടലാണെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു. സംരക്ഷണ സമിതി സമർപ്പിച്ച പരാതി പ്രകാരം കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പുതിയതെരുവിലെ ശോചനീയമായ ഡിവൈഡറുകൾ മാറ്റി ശാസ്ത്രീയമായ ഡിവൈഡറുകൾ സ്ഥാപിക്കാനുള്ള തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്ന് കഴിഞ്ഞദിവസം പുതിയതെരു വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചിറക്കൽ പോസ്റ്റ് ഓഫീസിനു മുന്നിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കുമെന്ന സ്ഥലം എം.എൽ.എയുടെ പ്രഖ്യാപനം കഴിഞ്ഞ ഒന്നര വർഷമായിട്ടും നടപ്പായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാണിച്ചു. പുതിയതെരുവിലെ വ്യാപാരികളെയും മണ്ഡലത്തിലെ പൗരന്മാരായി പരിഗണിച്ച് അവരെ സംരക്ഷിക്കാൻ എം.എൽ.എ തയ്യാറാവണമെന്നും, ഈ വിഷയത്തിൽ ഇടപെടുന്ന ആർ.ടി.ഒയും പോലീസ് ഉദ്യോഗസ്ഥരും യാതൊരുവിധ പക്ഷപാതവുമില്ലാതെ കാര്യങ്ങൾ ശരിയായ രീതിയിൽ വിലയിരുത്തി നടപടികൾ സ്വീകരിക്കണമെന്നും സംരക്ഷണ സമിതിയുടെ യോഗത്തിൽ അഭിപ്രായപ്പെട്ടു. പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി രക്ഷാധികാരി പി. സജീവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംരക്ഷണ സമിതി വൈസ് ചെയർമാൻ സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.എം. അബ്ദുൽ മനാഫ് ഹാജി, വൈസ് ചെയർമാൻമാരായ കെ. ലത്തീഫ് ഹാജി, സി.എൻ. മെഹറൂഫ്, കൺവീനർ കെ. നസീർ, ജോയിന്റ് കൺവീനർ പി എം അമീർ, ട്രഷറർ പി.കെ. റിയാദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ പി.എം. മഹേഷ്, കെ രാജൻ, എൻ എൻ മഷൂദ്, അരക്കൻ സതീശൻ, ഏകോപന സമിതി ട്രഷറർ കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.