ട്രാക്കിൽ വീണ രണ്ട് ഐഫോണുകൾ കിലോമീറ്ററുകളോളം തിരച്ചിൽ നടത്തി വീണ്ടെടുത്ത് കാസർകോട് ആർപിഎഫ്..

 


കാസർകോട്:

ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രാക്കിൽ വീണ് നഷ്ടപ്പെട്ട വിലപിടിപ്പുള്ള രണ്ട് ഐഫോണുകൾ കിലോമീറ്ററുകളോളം ട്രാക്കിലൂടെ തിരച്ചിൽ നടത്തി വീണ്ടെടുത്ത് കാസർകോട് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). കഴിഞ്ഞ ദിവസങ്ങളിലാണ് ഏകദേശം 80,000 രൂപയും 68,000 രൂപയും വിലവരുന്ന ഐഫോണുകൾ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തി ഉടമസ്ഥർക്ക് സുരക്ഷിതമായി കൈമാറിയത്.


ബുധനാഴ്ച രാത്രി മംഗളൂരുവിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത വനിതാ യാത്രക്കാരിയുടെ ഏകദേശം 80,000 രൂപ വിലവരുന്ന ഐഫോൺ ട്രാക്കിൽ വീണ് നഷ്ടപ്പെട്ടിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് ആർപിഎഫ് എസ്‌ഐ വിനോദും കോൺസ്റ്റബിൾ ശശിധരനും രാത്രിയിൽ തന്നെ ട്രാക്കിലൂടെ തിരച്ചിൽ ആരംഭിച്ചു. കിലോമീറ്ററുകളോളം നടന്നാണ് ഇരുവരും ഫോൺ കണ്ടെത്തിയത്.


ഇതിനിടെ വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് യാത്ര ചെയ്ത മറ്റൊരു യാത്രക്കാരന്റെ 68,000 രൂപ വിലവരുന്ന ഐഫോണും ട്രെയിനിൽ നിന്ന് ട്രാക്കിൽ വീണ് നഷ്ടമായി. ഈ ഫോണും ആർപിഎഫ് ഉദ്യോഗസ്ഥർ ട്രാക്കിലൂടെ തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു.


രണ്ട് ഫോണുകളും പിന്നീട് ഉടമസ്ഥർക്ക് സുരക്ഷിതമായി കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.


രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രക്കാരുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നൽകുന്ന ആർപിഎഫ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ സേവനത്തെ യാത്രക്കാരും സേനാ വിഭാഗവും പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.