ഓപ്പറേഷൻ ഗ്രിപ്പ്: കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സ് കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളി 9 വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ: ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൽ അസീസ് എന്ന അബ്ദുള്ളയെയാണ് (55) മലപ്പുറം മുന്നിയൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ
മേൽനോട്ടത്തിൽ എസ്‌ഐ വിനോദ്, എഎസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ്, സജിത്ത്, ലവൻ സിവിൽ പോലീസ് ഓഫീസർ മാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.
സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായി, ഓപ്പറേഷൻ ഗ്രിപ്പിനോടനുബന്ധിച്ച് പഴയ കേസുകൾ അന്വേഷിക്കുന്നതിനായി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചിരുന്നു.
2017 ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ നടത്തിയിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് ചവിട്ടുകയും ചെയ്തതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് അബ്ദുൽ അസീസ്.
കേസിലെ കൂട്ടുപ്രതി നിലവിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. കേസിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ബഹുമാനപ്പെട്ട ജില്ലാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ മംഗളൂരുവിലെ ദേർളക്കട്ടയിലും കാസർഗോഡ് ജില്ലയിലെ ബന്തടുക്കയിലും അഷ്റഫ്, അസീസ് എന്നീ പേരുകൾ ഉപയോഗിച്ച് താമസിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ മലപ്പുറം മുന്നിയൂരിൽ വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
'ഓപ്പറേഷൻ ഗ്രിപ്പി'ലൂടെ വർഷങ്ങളോളം വ്യാജ പേരുകളിലും വിലാസങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കുറ്റവാളികളെയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയത്. 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന വേറ്റുമ്മൽ രതീഷ് വധക്കേസിലെ പ്രതി സി.എച്ച്. അഷ്‌റഫ്, 22 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി രാകേഷ്, കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ സുനിൽ കുമാർ വധക്കേസിലെ പ്രതി അബ്ദുള്ള എന്നിവരെ അറസ്റ്റ് ചെയ്തതും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതും ഇതിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിരന്തരം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നാല്പതോളം സാമൂഹികവിരുദ്ധരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും നിരീക്ഷിച്ച് നടപടികൾ ശക്തമായി തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.

Comments
Post a Comment