മാലിന്യ പ്രശ്നങ്ങളിൽ നടപടി: കാൽ ലക്ഷം രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തുകയും മാലിന്യ സംസ്‌കരണത്തിൽ വീഴ്ച്ചവരുത്തിയ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പഴയങ്ങാടി ബസ് സ്റ്റാന്റിനോട് ചേർന്ന ഏച്ച് എ കെ എന്ന ബിൽഡിംഗിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഫാമിലി സൂപ്പർമാർക്കറ്റ്, ഡിസൈൻ ജ്വല്ലറി, മറിയുമ്മ ട്രാവെൽസ് ഉൾപ്പെടെ ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ ഉപയോഗിച്ച് വരുന്ന കക്കൂസിൽ നിന്നും സെപ്റ്റിക് മാലിന്യങ്ങൾ അടക്കം പൈപ്പ് വഴി പുറത്തേക്ക് തുറസ്സായി ഒഴുകപെട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുവാൻ കർശന നിർദേശം നൽകുകയും കുറ്റക്കാരായ സ്ഥാപനങ്ങളിൽ നിന്നും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പൊതുജനം നിരന്തരമായി കടന്നുപോകുന്നതും അടുത്തുള്ള ഡ്രൈവിംഗ് സ്കൂൾ ട്രെയൽസ് നടത്തുന്നതിന് ഉപയോഗിച്ചു വരുന്നതുമായ ഗ്രൗണ്ടിനു പരിസരത്താണ് മലിനജലം ഒഴുക്കപ്പെട്ടത്. ഇതേ കെട്ടിടത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ബേക്ക് സ്റ്റോറി എന്ന സ്ഥാപനത്തിൻ്റെ പഴയ മാലിന്യങ്ങൾ നാളിതുവരെ കൈയൊഴിയാതെ കൂട്ടിയിട്ടതിന് ഉടമയിൽ നിന്നും 3000 രൂപയും പിഴ ഈടാക്കി. ഓണത്തിരക്കിലേക്ക് നാട് നീങ്ങുന്ന ഘട്ടത്തിൽ പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യപ്രശ്നങ്ങൾ വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെന്നും തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി പി എന്നിവർ പങ്കെടുത്തു.
പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് എം.ജി.എം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ പിലാത്തറ ക്യാമ്പസിനു 20,000 രൂപ പിഴചുമത്തി. പരിശോധനയിൽ സ്ഥാപനത്തിൽ ഗുരുതരമായ മാലിന്യ സംസ്‌കരണ വീഴ്ചകളാണ് കണ്ടെത്തിയത്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുകയും തത്സമയം കത്തിക്കുകയും ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. ഉടൻ തന്നെ തീ അണപ്പിക്കുകയും മാലിന്യങ്ങൾ വേർതിരിച്ചു കൈ ഒഴിയുവാൻ നിർദേശം നൽകുകയും ചെയ്തു. കൂടാതെ, സ്ഥാപനത്തിന്റെ ബോയ്‌സ് ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്ക് ലീക്ക് ചെയ്ത് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും സ്ഥിരമായി ഹോസ്റ്റലിൻ്റെ പലയിടങ്ങളിലായി മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും സ്ക്വാഡ് കണ്ടെത്തി. മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തരമായി ശാസ്ത്രീയമായ പരിഹാരംകാണണമെന്ന് സ്‌ക്വാഡ് സ്ഥാപനത്തിന്റെ വൈസ് പ്രിൻസിപ്പാലിന് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിലുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജന പി വി തുടങ്ങിയവർ പങ്കെടുത്തു.




Comments
Post a Comment