കണ്ണൂർ : മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിലായി.
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിലായി. കണ്ണൂക്കര സ്വദേശിയായ സി പി യാസർ അറാഫത്ത് (31) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 3.68 ഗ്രാം എം ഡി എം എയും 14.25 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് സംഘം പിടിച്ചെടുത്തു. ലഹരി മാഫിയയെ അമർച്ച ചെയ്യാനായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.
കണ്ണൂക്കര ഭാഗത്തുവെച്ച് പ്രതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. എം ഡി എം എ സിപ്പ് ലോക്ക് കവറിലും ഹാഷിഷ് ഓയിൽ പാരച്യൂട്ട് കുപ്പിയിലുമാണ് ഒളിപ്പിച്ചിരുന്നത്. കാർ ഇടിച്ച് തകർത്തതിനും കസ്റ്റഡിയിൽ എടുക്കുവാൻ വന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ആശുപത്രിയിൽ എത്തിച്ച ശേഷം കാബിൻ തല കൊണ്ടടിച്ച് തകർത്ത് നാശനഷ്ടം ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മറ്റോരു കേസും നിലവിലുണ്ട്.
കണ്ണൂർ സിറ്റി പോലീസ് എസ്ഐ സുൽഫിക്കർ അലിയുടെ നേതൃത്വത്തിൽ എസ് ഐ പ്രകാശൻ, എ എസ് ഐ മുഹമ്മദ്, സി പി ഒ പ്രമീഷ് എന്നിവരും കണ്ണൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Bineesh K Kuttiattoor

Comments
Post a Comment