നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് മടിക്കൈ സ്വദേശി മരിച്ചു.
കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു അപകടം.
മടിക്കൈ കീക്കാംകോട്ടെ എം.എസ്. മോഹനൻ (58) ആണ് മരിച്ചത്. ആലാമി പള്ളി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ആലാമിപള്ളിയിൽ നിന്ന് യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ പുതിയകോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
തെരുവുനായ കുറുകെ ഓടിയതോടെ ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കൾ: അജയ്, അനുരാഗ്.

Comments
Post a Comment