നിതിൻ രാജിന്റെ ആത്മഹത്യ കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും തലശേരി സെഷൻസ് കോടതിയിൽ ഹരജി നൽകി
കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റല്‍ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു. കഴിഞ്ഞ
ഏപ്രില്‍ പത്തിനാണ് ഉച്ചയ്ക്ക് ഒന്നരയോടെ നിതിൻ രാജ്
കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയത്. മെഡിക്കൽ കോളേജ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അന്നേ ദിവസം വെകിട്ട് മരണമടഞ്ഞു.വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു.ഡോ. റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എംകെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. പ്രതികൾ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലിസ് നൽകുന്ന വിവരം. സംഭവം നടന്നിട്ട് ഒരാഴ്ച്ച തികഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധ സമരം നടത്തിയിരുന്നു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
ഇതിനിടെ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെന്ന് എ എൻ ഷംസീർ പറഞ്ഞു. നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങളെ ചോദ്യം ചെയ്യാൻ സാധിക്കൂ. കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം സജീവമാകണം. എന്നാൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകൾ ഇല്ലാതാകൂ. ആരോപണ വിധേയരുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഡെൻ്റൽ കൗൺസിൽ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Comments
Post a Comment