ഒരു കുടുംബത്തിലെ മൂന്നു പേരെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം ജില്ലയിലെ വേങ്ങര പറപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വേങ്ങര മണ്ഡലത്തിലെ പറപ്പൂർ വീണാലുക്കൽ ചീരങ്ങൻ സൈനബ (45), മകൻ മുഹമ്മദ് ആഷിഖ് (20), മകൾ ഫാത്തിമ ഫർസീല (16) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വീടിനടുത്തുള്ള പറപ്പൂർ പാടത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതുവഴി പോയവരാണ് കുളക്കരയിൽ അടിഞ്ഞ നിലയിൽ ഫർസീലയുടെ മൃതദേഹം ആദ്യം കാണുന്നത്.
ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളക്കടവിൽ മൂന്നുജോഡി ചെരിപ്പുകൾ കണ്ടതോടെ കുളത്തിൽ തിരച്ചിൽ നടത്തി മറ്റു രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
ഫർസീലയുടെ മൃതദേഹം കടവിനോടുചേർന്ന് പൊങ്ങിയ നിലയിലും മറ്റുള്ളവരുടേത് അൽപ്പം മാറി മുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. നീന്തലറിയാത്ത ഇവർ കുളത്തിൽ കുളിക്കാനായി പോയതാണെന്നാണ് നിഗമനം.
എങ്ങനെ അപകടത്തിൽപ്പെട്ടുവെന്നതിന് സാക്ഷികളില്ലെന്ന് വേങ്ങര പോലീസ് പറഞ്ഞു.
അഞ്ചംഗ കുടുംബമായിരുന്നു ഇവരുടേത്.
കണ്ണൂർ തളിപ്പറമ്പ,കരുവഞ്ചാൽ സ്വദേശിയാണ് മരിച്ച സൈനബ.
ഇവരുടെ ഭർത്താവ് മധുര സ്വദേശിയായ കുമ്മൂറ്റിക്കൽ മൊയ്തീൻ രണ്ടര വർഷം മുമ്പ് മരിച്ചു.
30 വർഷങ്ങൾക്ക് മുമ്പ് ജോലി ആവശ്യാർത്ഥം സൈനബയും,
ഭർത്താവും മലപ്പുറത്തേക്ക് വന്നതാണ്.
വാടക വീട്ടിലായിരുന്ന ഇവർ,
പിന്നീട് പൗര സമിതി നിർമ്മിച്ചു നൽകിയ വീട്ടിലാണ് താമസം.
മുഹമ്മദ് ഫാസിലാണ് ആഷിഖിന്റെയും ഫർസീലയുടെയും സഹോദരൻ.
ഫർസീല പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച വീണാലുക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Comments
Post a Comment