ആംബുലൻസുകൾ ടോൾ പ്ലാസകളിൽ നിർത്തിയിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനം:
കണ്ണൂർ/കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ അടിയന്തര ചികിത്സയ്ക്കായി പോകുന്ന ആംബുലൻസുകളെ തടഞ്ഞുവെക്കുന്ന തരത്തിലുള്ള അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ. ആംബുലൻസുകളുടെ സുഗമമായ യാത്രയ്ക്ക് തടസ്സം നിൽക്കുന്നത് ഒരു ജീവനെടുക്കുന്നതിന് തുല്യമാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരിയും കാസർകോട് ജില്ലാ സെക്രട്ടറി ഹസൻ തൃക്കരിപ്പൂരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മരണത്തോടു പോരാടുന്ന രോഗികളുമായി പോകുന്ന വാഹനങ്ങൾക്ക് 'സീറോ വെയിറ്റിംഗ് ടൈം' ഉറപ്പാക്കണമെന്ന കർശനമായ നിയമം നിലനിൽക്കെ, ടോൾ ബൂത്തുകളിൽ സെക്കന്റുകൾ പോലും വൈകിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കാണേണ്ടി വരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞോ ടോൾ നടപടിക്രമങ്ങൾ വൈകിപ്പിച്ചോ ആംബുലൻസുകൾ നിർത്തിയിടേണ്ടി വരുന്നത് രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ്.
"ടോൾ പ്ലാസകളിലെ ജീവനക്കാർക്ക് ഈ വിഷയത്തിൽ കൃത്യമായ ബോധവൽക്കരണം നൽകാൻ അധികൃതർ തയ്യാറാകണം. സൈറൺ മുഴക്കി വരുന്ന ആംബുലൻസുകൾക്ക് മുൻഗണന നൽകേണ്ടത് നിയമപരമായ ബാധ്യത മാത്രമല്ല, മറിച്ച് ഒരു മാനുഷിക കടമ കൂടിയാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ സംഘടന നിർബന്ധിതമാകും," എന്നും പ്രസ്താവനയിലൂടെ ഇരുവരും മുന്നറിയിപ്പ് നൽകി.

Comments
Post a Comment