നാറാത്ത് : അമ്മയുടെ വിയർപ്പിന് മകളുടെ മധുരപ്രതികാരം; സരസ്വതി ഇനി അഭിഭാഷക; തൊഴിലുറപ്പ് തൊഴിലാളികൾ കേക്ക് മുറിച്ച് ആഘോഷിച്ചു.

 



നാറാത്ത്: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ച് നാറാത്തെ സരസ്വതി. നാറാത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കല്ലേൻ ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സുലോചനയുടെയും മകൾ സരസ്വതി എൻ. നിയമബിരുദം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു.



തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന സുലോചനയുടെ മകളുടെ ഈ വലിയ നേട്ടം നാറാത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആഘോഷമാക്കി മാറ്റി. മകളുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്‌ത മാതാപിതാക്കൾക്കുള്ള ആദരം കൂടിയായി സഹപ്രവർത്തകരുടെ ഈ സ്നേഹവിരുന്ന്. ജോലിസ്ഥലത്ത് വെച്ച് കേക്ക് മുറിച്ചായിരുന്നു സഹപ്രവർത്തകരുടെ ആഹ്ലാദപ്രകടനം. മകളുടെ വിജയത്തിൽ അഭിമാനിക്കുന്ന അമ്മ സുലോചന തന്നെ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. സുധീഷ്, മുൻ പഞ്ചായത്ത് അംഗം കെ.പി. നിഷ, തൊഴിലുറപ്പ് മേറ്റ് സജിന തുടങ്ങിയവരും സഹപ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പഠിച്ച് ഉയർന്ന നേട്ടം കൈവരിച്ച സരസ്വതി നാറാത്തെ യുവതലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.