കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും
കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ അതിദാരുണമായി കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (നെടുമ്പാശ്ശേരി) എത്തിക്കും. തൃശൂർ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടു മണിയോടെ വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു പ്രവാസി മലയാളികളെ ഒന്നടങ്കം നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. തുടർന്ന് പോസ്റ്റ്മോർട്ടം, എംബാം ചെയ്യൽ, അമേരിക്കൻ വിദേശകാര്യ-ഇമിഗ്രേഷൻ വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് അയച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂർ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ആൻമേരിയുടെ മൃതദേഹം ഭർത്താവിൻ്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആൻമേരിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവത്തിൽ വിദേശത്തുള്ള പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

Comments
Post a Comment