ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ.
കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ 80 വയസ്സുകാരനായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ ₹1,19,35,000 പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
₹46.25 ലക്ഷം അക്കൗണ്ടിൽ; ₹9.60 ലക്ഷം മറ്റൊരു പ്രതിയുടെ അക്കൗണ്ടിലേക്ക്
അന്വേഷണത്തിൽ, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത ₹46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.
ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് ₹9,60,000 രണ്ട് ഇടപാടുകളിലായി പ്രതിയായ Shamsad Churakuth എന്നയാളുടെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ₹9 ലക്ഷം ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലുക്കൗട്ട് സർക്കുലർ; വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു
പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.
2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.
കാസർകോട് ജില്ലാ പോലീസ് മേധാവി നിതിൻ രാജ് IPS, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ എന്നിവരുടെ നിർദ്ദേശപ്രകാരം കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
‘ഡിജിറ്റൽ അറസ്റ്റ്’ യഥാർത്ഥ നിയമനടപടിയല്ല
പോലീസ്, ക്രൈം ബ്രാഞ്ച്, സി.ബി.ഐ, ആർ.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പേരുപയോഗിച്ച് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം കൈമാറാൻ ആവശ്യപ്പെടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ സൈബർ തട്ടിപ്പിന്റെ ഗുരുതരമായ രൂപമാണ്.
പോലീസ് ഉദ്യോഗസ്ഥർ വീഡിയോ കോളിലൂടെ ഒരാളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയോ കേസ് ഒഴിവാക്കുന്നതിനായി ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ ഭയപ്പെടാതെ ഉടൻ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും പണം കൈമാറാതിരിക്കുകയും വേണം.
സംശയാസ്പദമായ സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ഉടൻ ബന്ധപ്പെടുകയോ National Cyber Crime Reporting Portal വഴി പരാതി നൽകുകയോ ചെയ്യണം. തട്ടിപ്പ് നടന്ന ഉടൻ പരാതി നൽകുന്നത് പണം മരവിപ്പിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള അന്വേഷണത്തിൽ നിർണായകമാണ്
ഭയപ്പെടുത്തിയാണ് സൈബർ തട്ടിപ്പുകാർ പണം തട്ടുന്നത്. നിയമം ഒരിക്കലും വീഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് നടപ്പാക്കില്ല. ഭയപ്പെടരുത് — പണം അയക്കരുത് — ഉടൻ പോലീസിനെ അറിയിക്കുക.”

Comments
Post a Comment