രാജേഷ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപം, ധീരതയ്ക്ക് സല്യൂട്ട്': ഹൈക്കോടതി




കൊച്ചി: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി. രാജേഷ് യഥാര്‍ത്ഥ ഹീറോയാണെന്നും, സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണെന്നും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം.


മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച രാജേഷിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്രളയ ജലത്തില്‍ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരന്‍ ഒഴുക്കില്‍ പെട്ടത്. ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. റാപ്പലിങ് ഇന്‍സ്ട്രക്ടറായ തിരുവനന്തപുരം നേമം കല്ലിയൂര്‍ കിഴക്കേതെറ്റിവിള രാജേഷ്ഭവനില്‍ ആര്‍ രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്. പുളിങ്ങോം മീന്തുള്ളിയില്‍ പുഴക്കും കര്‍ണാടക വനത്തിനുമിടയിലെ കൃഷിയിടത്തില്‍നിന്ന് കോലുവള്ളിയിലെ ശബനിയില്‍ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് രാജേഷിന് ജീവന്‍ നഷ്ടമായത്.


അതേസമയം രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ ജില്ലാ കലക്ടര്‍ വീഴ്ച സമ്മതിച്ചു. രാജേഷിനായി തിരച്ചില്‍ നടത്തുന്നതിന്റേയും പിന്നീട് മൃതദേഹം അയക്കുന്നതിന്റേയും ഏകോപന ചുമതല ഉണ്ടായിരുന്ന പയ്യന്നൂര്‍ തഹസീല്‍ദാരും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും എന്താണ് സംഭവിച്ചതെന്ന് എഡിഎമ്മിനോട് വിശദീകരണം നല്‍കി. വലിയ തുക ആവശ്യപ്പെട്ടതിനാലാണ് സ്വകാര്യ ആംബുലന്‍സുകളെ വിളിക്കാത്തത് എന്നാണ് തഹസില്‍ദാരുടെ വിശദീകരണം. റവന്യൂമന്ത്രി ജില്ലാ ഭരണകൂടത്തോട് റിപോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ എഡിഎമ്മിന്റെ അന്വേഷണം. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്റെ തുടര്‍നടപടി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.