നിർവാൻ രക്ഷപ്പെട്ടാൽ മതി; പതിനൊന്ന് കോടി നൽകി ആ അജ്ഞാതൻ പറഞ്ഞു പ്രശസ്തി വേണ്ട



സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായ കുഞ്ഞ് നിർവാന്റെ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തിൽ നിറഞ്ഞ് നിൽക്കുകയാണ്. 15 മാസം പ്രായമുള്ള നിർവാന്റെ ചികിത്സയ്ക്ക് അമേരിക്കയിൽ നിന്ന് മരുന്ന് എത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിർവാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പല ഭാ​ഗങ്ങളിൽ നിന്നുള്ള നിരവധി പേർ സാമ്പത്തിക സഹായം നൽകുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി.


തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് പണം കൈമാറിയത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരു കോടിയിൽ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങൾക്ക് പോലും തുക കൈമാറിയ ആളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോൻ- അദിതി ദമ്പതികൾ പറയുന്നു.


ഞങ്ങൾക്ക് പോലും തുക തന്നത് ആരാണെന്ന് അറിയില്ല. മിലാപ് എന്ന ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമാണ് മനസ്സിൽ ഉള്ളതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നു എന്നാണ് ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചത്- സാരം​ഗ് പറയുന്നു.


എത്രയും വേ​ഗം കുഞ്ഞിനുള്ള മരുന്ന് മേടിക്കണം എന്നതാണ് അടുത്ത കടമ്പയെന്നും സാരം​ഗ് പറയുന്നു. യു.എസിൽ നിന്നാണ് മരുന്ന് വരുത്തിക്കുന്നത്, ഇത്രയും വലിയൊരു തുക യു.എസ് ഡോളറിലേക്ക് കൺവെർട്ട് ചെയ്യുമ്പോൾ ഓരോ ബാങ്കിനും ഓരോ ചാർജാണ്. ബാങ്ക് ചാർജ് കൂടുന്നതിന് അനുസരിച്ച് തുക കൂടും. അതു കൂടി കണ്ടെത്തേണ്ടി വരും. എങ്കിലും ഒരു കോടിയിൽ താഴെ മാത്രമേ വരൂ. അത് സ്വന്തം നിലയിൽ കണ്ടെത്താമെന്നാണ് കരുതുന്നതെന്നും അതിനായി അൽപം കൂടി സാവകാശം ചോദിക്കുമെന്നും സാരം​ഗ് പറഞ്ഞു. സാമ്പത്തിക സഹായം നൽകിയവരെയും അല്ലാത്തവരെയും ഒക്കെ മനസ് കൊണ്ട് ചേർത്ത് പിടിക്കുക ആണെന്നും സാരം​ഗ് പറഞ്ഞു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..