വിവാഹേതര ബന്ധത്തെ എതിർത്തു, ഭർത്താവിനെയും അമ്മയെയും കൊന്ന് കഷ്ണങ്ങളായി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; യുവതി പിടിയില്‍
ഗുവാഹത്തി: അസമിലെ നൂൻമതിയിൽ യുവതി സ്വന്തം ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചതായി പൊലീസ്. ബന്ദന കലിത എന്ന യുവതിയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് പറഞ്ഞു. വന്ദനയുടെ വിവാഹേതര ബന്ധം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്പാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവ് അമർജ്യോതി ഡേ, ഭർതൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മുന്നിൽ സമ്മതിച്ചു.കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനായ ധൻജിത് ദേകയും ചേർന്ന് ശരീരഭാഗങ്ങൾ ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിയിൽ കൊണ്ടുപോയി ശരീരഭാഗങ്ങൾ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെയും കൊണ്ട് പൊലൂസ് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
അമർജ്യോതിയും ബന്ദനയും വർഷങ്ങൾക്ക് മുമ്പേ വിവാഹിതരായതാണ്. എന്നാൽ, ബന്ദന, ധൻജിതുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അമർജ്യോതി അറിഞ്ഞതുമുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. വിലക്കിയിട്ടും ബന്ധം തുടർന്നതോടെ വഴക്ക് പതിവായി. അമർജ്യോതിയുടെ അമ്മയായ ശങ്കരി ഡേയുടെ പേരിലായിരുന്നു ചന്ദ്മാരിയിലെ അഞ്ച് കെട്ടിടങ്ങൾ. ഇതിൽ നാലെണ്ണം വാടക്ക് കൊടുത്തിരിക്കുകയായിരുന്നു. തരക്കേടില്ലാത്ത വരുമാനം ഇതുവഴി ലഭിച്ചിരുന്നു. ശങ്കരി ഡേയുടെ സഹോദരനായിരുന്നു സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിലും ബന്ദനക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെ ബന്ദനയുമാള്ള ബന്ധം വേർപെടുത്താൻ ഭർത്താവും ശങ്കരി ഡേയും തീരുമാനിച്ചു. തുടർന്നാണ് ബന്ദനയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകത്തിന് ശേഷം ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനല്ലെന്ന് ബന്ദന പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ബന്ദന മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു. സ്വത്തുക്കൾ ശങ്കരി ഡേയുടെ സഹോദരൻ തട്ടിയെടുക്കുന്നുവെന്നായിരുന്നു പരാതി. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർതൃമാതാവിന്റെ അക്കൗണ്ടിൽ നിന്ന് അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ ബന്ദന പിൻവലിച്ചതായി കണ്ടെത്തി.
കഴിഞ്ഞ വർഷം ദില്ലിയിൽ അഫ്താബ് പൂനാവാല ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതിന് സമാനമാണ് അസം കേസ്. അടുത്തിടെ, ദില്ലിയിൽ തന്നെ നിക്കി യാദവ് എന്ന യുവതിയെ അവളുടെ പങ്കാളി സാഹിൽ ഗെലോട്ട് കൊലപ്പെടുത്തി മൃതദേഹം റെസ്റ്റോറന്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു.
Comments
Post a Comment