ഇസ്രായേലിലേക്ക് അയച്ചത് നല്ല ഉദ്ദേശത്തോടെ, ബിജു കുര്യൻ മുങ്ങിയത് ആസൂത്രിതമായി': മന്ത്രി പ്രസാദ്
ആലപ്പുഴ: കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി.പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു.
ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് ഇയാൾ. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. സംഭവത്തിൽ ഇസ്രായേലിലുള്ള ബി.അശോക് കുമാർ ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി.പ്രസാദ് വ്യക്തമാക്കി
Comments
Post a Comment