തെരുവുനായ ശല്യം: കണ്ണൂർ നഗരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോം സ്ഥാപിക്കും
കണ്ണൂർ: തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുന്നതിന് കണ്ണൂർ കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകളും സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റും. ജില്ലയിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് നായയുടെ കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, കന്റോൺമെന്റ് എന്നിവയുമായും പോലീസ്, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ മാറ്റാനും പേവിഷ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചത്.

Comments
Post a Comment