എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകൾ പുനഃരാരംഭിച്ചു
ഖത്തർ ആക്രമണത്തിനു പിന്നാലെ നിർത്തിവച്ച സർവീസുകൾ പുനഃരാരംഭിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാന കമ്പനികൾ. നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് വീണ്ടും തുടങ്ങിയത്.
പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്തർ ആക്രമണത്തെ തുടർന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു.
ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ ഇൻഡിഗോയ്ക്ക് മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതുകാരണം യാത്രാ സമയം കൂടുമെന്നു ഇൻഡിഗോ വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്, മസ്കറ്റ് സർവീസുകൾ പുനഃരാരംഭിച്ചു. രാത്രി 8.25നുള്ള കോഴിക്കോട്- റിയാദ്, 11.45നുള്ള കോഴിക്കോട്- മസ്കറ്റ് സർവീസുകൾ ഉണ്ടാകുമെന്നു എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഘട്ടം ഘട്ടമായി സർവീസുകൾ പുനഃരാരംഭിക്കുമെന്നു എയർ ഇന്ത്യ വ്യക്തമാക്കി. യുഎസ്, കാനഡ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു.

Comments
Post a Comment