അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് ആന്തൂരിൽ 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനും നിഫ്റ്റിനും പിഴ ചുമത്തി. ധർമശാലയിൽ കെ. പി ബാലൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സ് കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഓരോ ക്വാട്ടേഴ്‌സിൽ നിന്നുമുള്ള മലിന ജലം പൈപ്പ് വഴി ക്വാട്ടേഴ്‌സിന്റെ പുറക് വശത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. കൂടാതെ കെട്ടിടത്തിന്റെ മുൻവശത്തു നിർമ്മിച്ചിരിക്കുന്ന ടാങ്കിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടി ഇടുകയും കത്തിക്കുകയും ചെയ്തു വരുന്നതായി കണ്ടെത്തി. ക്വാട്ടേഴ്‌സിനു 10000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു. സ്‌ക്വാഡ് നിഫ്റ്റിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ബാസ്കറ്റ്ബോൾ കോർട്ടിനു സമീപത്ത് തത്സമയം കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ തീ വെള്ളമൊഴിച്ചു കെടുത്തിച്ചു. സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി തുടർ പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും ശ്രദ്ധയിൽ പെട്ടു. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ആന്തൂർ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജീർ പി പി, റജിന ടി തുടങ്ങിയവർ പങ്കെടുത്തു



Comments
Post a Comment