മയ്യിലിൽ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു
മയ്യിലിൽ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു
മയ്യിൽ:കൊയ്ത്തുപാട്ടിന് ഈണം പകരേണ്ട പാടശേഖരങ്ങളിൽ ഇന്ന് കർഷകരുടെ നെഞ്ചകം തകരുന്ന നെടുവീർപ്പുകൾ മാത്രം.
നാളുകൾ നീണ്ട കഠിനാധ്വാനം ഫലം കാണാറായ അവസാന നിമിഷത്തിൽ, ചെറുപഴശ്ശി കാലടി പാടശേഖരത്തിലെ കർഷകരുടെ പ്രതീക്ഷകൾക്കു മേൽ കാട്ടുപന്നിക്കൂട്ടം കരിനിഴൽ വീഴ്ത്തി.
കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മൂന്നര ഏക്കറോളം വരുന്ന പാടത്തെ വിളഞ്ഞ് നിൽക്കുന്ന നെൽകൃഷിയാകെ ഒറ്റരാത്രി കൊണ്ട് പന്നിക്കൂട്ടം ചവിട്ടി മെതിച്ച് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാടത്ത് വെള്ളം നിറഞ്ഞതോടെ, ചെളിയിൽ നിന്ന് ഇരതേടി എത്തിയ പന്നിക്കൂട്ടം നെൽച്ചെടികൾ കൂട്ടത്തോടെ കടപുഴക്കി എറിയുകയായിരുന്നു.
കൃഷിഭവന്റെ സഹകരണത്തോടെ ഉയർന്ന ഉൽപാദനശേഷിയുള്ള 'പൗർണമി' വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. ഒന്നിന് പുറമേ ഒന്നായി രണ്ട് വിളയും സമൃദ്ധമായി കൊയ്തെടുത്ത പാടത്താണ് ഈ ദുരന്തം.
കർഷകരായ സി കെ ശാന്തകുമാരി, യു കെ കുമാരൻ, കെ അജിത, എ രജനി, എം പ്രഭാവതി, കെ പി ബാലകൃഷ്ണൻ, എ സുശീല, എ ചന്ദ്രമതി, കെ നളിനി, പി വി മുകുന്ദൻ എന്നിവരുടെ മാസങ്ങൾ നീണ്ട പ്രയത്മാണ് പാഴായത്.

Comments
Post a Comment