ദാറുൽ ഹസനാത്ത് മീലാദ് ആഘോഷം: സമാപന സമ്മേളനം ഇന്ന്
കണ്ണാടിപ്പറമ്പ്: തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ 1501-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ഇന്ന് സമാപനമാകും. വൈകുന്നേരം 4:30 മുതൽ ദാറുൽ ഹസനാത്ത് ക്യാമ്പസിലാണ് സമാപന ചടങ്ങുകൾ നടക്കുന്നത്.
വൈകുന്നേരം നടക്കുന്ന സമാപന സംഗമത്തിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, വർണ്ണാഭമായ ഫ്ലവർ ഷോ, ദഫ് പ്രോഗ്രാം, അറബ്യൻ കൾച്ചറൽ ഷോ, സ്കൗട്ട് ഡിസ്പ്ലേ എന്നിവ അരങ്ങേറും. തുടർന്ന് ആത്മീയ സാന്ദ്രമായ ഇഷ്ഖ് മജ്ലിസും നടക്കും.
മഗ്രിബ് നിസ്കാരത്തിന് ശേഷം ആരംഭിക്കുന്ന സമാപന പൊതുസമ്മേളനം ആദരണീയനായ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. എൻ. മുസ്തഫ സാഹിബ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. സമാപന സമ്മേളനത്തിൽ പ്രമുഖ മത-സാമൂഹിക വ്യക്തിത്വങ്ങൾ സംബന്ധിക്കും.

Comments
Post a Comment