കണ്ണൂർ : ഭിന്നശേഷിക്കാർക്ക് സൗജന്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
അലവിൽ : ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി അക്കര ഫൗണ്ടേഷന്റെ പിന്തുണയോടെ ഡേസ് അക്കാദമിയും ചെന്നൈ ഫ്രീഡം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സഹായ ഉപകരണ വിതരണ പരിപാടി അലവിൽ ഡേസ് അക്കാദമിയിൽ നടന്നു. കെ.വി. സുമേഷ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. മുൻപ് നടത്തിയ സഹായ ഉപകരണ പരിശോധന, സ്ക്രീനിങ്, അളവെടുപ്പ് ക്യാമ്പിൽ മെഡിക്കൽ പരിശോധനയും ആവശ്യമായ അളവെടുപ്പുകളും പൂർത്തിയാക്കിയ 230 ഗുണഭോക്താക്കൾക്കായി 340 സഹായ ഉപകരണങ്ങളാണ് പരിപാടിയിലൂടെ വിതരണം ചെയ്തത്.
വീൽചെയറുകൾ, കൃത്രിമ അവയവങ്ങൾ, ഓർത്തോട്ടിക് ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 80-ലധികം വീൽചെയറുകളും 75-ലധികം കൃത്രിമ അവയവങ്ങളും ഓർത്തോട്ടിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 340 സഹായ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. കൃത്യമായ അളവെടുപ്പും ഫിറ്റിങ്ങും ആവശ്യമായ കൃത്രിമ അവയവങ്ങളുടെ ഗുണഭോക്താക്കൾക്ക് പ്രത്യേകമായി ട്രയൽ, ഫിറ്റിങ് സേവനങ്ങളും നൽകി. ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച ആവശ്യമായ നിർദേശങ്ങളും ഗുണഭോക്താക്കൾക്ക് നൽകി.
ഡേസ് വൈസ് ചെയർമാൻ അഷ്റഫ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഡേസ് പ്രോജക്ട് മാനേജർ ജാസിൽ കെ. സ്വാഗതം പറഞ്ഞു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലൻ മോഹനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു, കിഡ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. സലീം, അക്കര ഫൗണ്ടേഷൻ സി.ഇ.ഒ. യാസിർ, ഫ്രീഡം ട്രസ്റ്റ് പ്രതിനിധി ഡോ. സുന്ദർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി, അലവിൽ മഹല്ല് പ്രസിഡന്റ് പ്രസിഡന്റ് എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, കണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദ് അലി എന്നിവർ ആശംസകൾ നേർന്നു. ഡേസ് ചെയർമാൻ അഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ചലനശേഷി, സ്വതന്ത്രജീവിതം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പരിശോധനയും അളവെടുപ്പും മുതൽ ഉപകരണങ്ങളുടെ തയ്യാറാക്കൽ, ഫിറ്റിങ്, വിതരണം എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളിൽ വിവിധ മേഖലകളിലുള്ള പ്രവർത്തകരും സന്നദ്ധപ്രവർത്തകരും പങ്കാളികളായി.
അക്കര ഫൗണ്ടേഷൻ, ഡേസ് അക്കാദമി, ഫ്രീഡം ട്രസ്റ്റ് എന്നിവയുടെ ഏകോപനത്തിലൂടെ നടപ്പാക്കിയ പദ്ധതിക്ക് ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഗുണഭോക്താക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ സഹകരണവും ലഭിച്ചു.


Comments
Post a Comment