ഉപഭോക്താക്കൾക്ക് ഇരുട്ടടി : കറൻ്റ് കണക്ഷനെടുക്കാൻ ഇനി ചിലവേറും

 



കണ്ണൂർ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയേകി കൊണ്ടു പുതിയ വൈദ്യുതി കണക്ഷനെടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന. ഒക്ടോബർ 12 മുതൽ നിലവിൽവരും. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക്.


ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളുംവേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുൻപ് വെവ്വേറെയായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, അപേക്ഷയ്ക്കൊപ്പം ഫീസ് അടയ്ക്കാം. നിലവിൽ കെ.എസ്.ഇ.ബി. ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു.


200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും. ഇതും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫെയ്സ് ഗാർഹിക കണക്‌ഷന് ഇനി രണ്ടായിരം രൂപ നൽകണം. ഇതുവരെ അഞ്ചുകിലോവാട്ടുവരെ 1740 രൂപയായിരുന്നു. രണ്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുള്ളത് 1740 രൂപയിൽനിന്ന് 5000 രൂപയാക്കി. ഗാർഹികേതര കണക്‌ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയും നൽകണം.


ത്രീഫെയ്സിൽ അഞ്ചുമുതൽ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതൽ ഏഴുവരെ എണ്ണായിരം രൂപയും ഏഴുമുതൽ 10 വരെ 10,000 രൂപയുമായി വർധിപ്പിച്ചു.


ത്രീഫെയ്സിൽ കിലോവാട്ട് കൂടുന്തോറും ഫീസ് വർധനതോതും ഉയരും. എൽ.ടി. ത്രീഫെയ്സിൽ നിലവിൽ 10 മുതൽ 25 കിലോവാട്ടുവരെ 14,420 രൂപയായിരുന്നു. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ടുവരെ ഒരു കിലോവാട്ടിന് 1560 രൂപവീതം നൽകണം. 25 കിലോവാട്ടിന് 39,000 രൂപ നൽകണം.


25 മുതൽ 50 കിലോവാട്ടുവരെ 21,750 രൂപയായിരുന്നു. ഇനി 30 മുതൽ 40 വരെ കിലോവാട്ടിന് 2890 രൂപ വീതമാണ് നിരക്ക്. 50-ന് മുകളിൽ 100 കിലോവാട്ടുവരെ കിലോവാട്ടിന് 5670 രൂപയും. അതായത് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്‌ഷന് 21,750 രൂപ നൽകിയിരുന്നതിന് ഇനി 2.11 ലക്ഷം രൂപ നൽകണം. ഈ വിഭാഗത്തിൽ ട്രാൻസ്ഫോർമർ ആവശ്യമെങ്കിൽ അതിനോ മറ്റ് സാധനങ്ങൾക്കോ പണം ഈടാക്കില്ല.

കണക്ടഡ് ലോഡിൽ മാറ്റംവരുത്താതെ സിംഗിൾ ഫെയ്‌സ് ത്രീ ഫെയ്സ് ആക്കി തരംമാറ്റാൻ കിലോവാട്ടിന് 700 രൂപയാണ് ഫീസ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??