യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവ് ആസിഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവിലെ 20 വയസ്സുകാരി ഫാത്തിമത്തുൽ റിസ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കുടുക്കിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനായി (29) പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ജൂലൈ 28 നായിരുന്നു റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി യുഎഇയിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ യുഎഇയിലെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ആസിഫിനെ കസ്റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
റിസ ആത്മഹത്യ ചെയ്തത് ഭർത്താവിൻ്റെ പീഡനം മൂലമാണെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് വളപട്ടണം പൊലീസ് കേസെടുത്തത്. ഫാത്തിമത്തുൽ റിസ കുറച്ചുകാലമായി ഭർത്താവ് ആസിഫിൽ നിന്ന് കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കിരയായിരുന്നു എന്നാണ് ആരോപണം.
ഉപദ്രവങ്ങൾ സംബന്ധിച്ച് ആസിഫിന്റെ കുടുംബത്തിന് വ്യക്തമായ വിവരങ്ങളുണ്ടായിട്ടും ഇത് യുവതിയുടെ ബന്ധുക്കളിൽ നിന്ന് മറച്ചുവെച്ചെന്നും പറയുന്നു. മരണത്തിനു മുമ്പ് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകളും പീഡനങ്ങളും വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് റിസ ജീവനൊടുക്കിയത്.
ആത്മഹത്യക്ക് ഏകദേശം ഒന്നരമാസം മുന്നേ ഭർതൃഗൃഹത്തിൽവെച്ച് യുവതി കൈഞരമ്പ് മുറിച്ചിരുന്നു. എന്നാൽ, ഇതും ഭർതൃവീട്ടുകാർ മൂടിവെച്ചുവെന്നും വീട്ടുകാരോട് പറയരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിസ സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നാതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ വർഷം ജനുവരി എട്ടിനാണ് റിസയും ആസിഫും തമ്മിലുള്ള വിവാഹം.

Comments
Post a Comment