25 കാരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് പ്രതിശ്രുത വധുവും കാമുകനും
പുണെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽവെച്ച് 25കാരൻ കൊക്കയിൽവീണ് മരിക്കാനിടയായ സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ട്രക്കിങ്ങിനിടെ സെൽഫി എടുക്കുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്ന് കരുതിയെങ്കിലും പിന്നീട് ഞെട്ടിക്കുന്ന കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തു.20കാരിയായ സിയക്ക് ചേതൻ ചൗധരിയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുടുംബം കണ്ടെത്തിയ കേതനെ വിവാഹം കഴിക്കാൻ സിയക്ക് താൽപര്യമില്ലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കേതൻ തടസമാകുമെന്ന് കരുതി സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ രേഖകൾ, കോൾ ഡാറ്റ, സാക്ഷിമൊഴികൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി.മഹാബലേശ്വറിലെ ഒരു ആഡംബര റിസോർട്ടിൽ സിയയുടെ പിറന്നാൾ ആഘോഷം കേതൻ പ്ലാൻ ചെയ്തിരുന്നതായും അതിനായി 40 ഓളം മുറികൾ ബുക്ക് ചെയ്തിരുന്നതായും കുടുംബാംഗം പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ തന്റെ വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരിൽ ആഡംബര കൊട്ടാരം 17 കോടി രൂപക്ക് ബുക്ക് ചെയ്തിരുന്നു. കൂടാതെ, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ബുക്ക് ചെയ്തിരുന്നു. അതിനുമുമ്പ്, ലോഹഗഡിൽ വെച്ച് വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ട് സിയ പ്ലാൻ ചെയ്തിരുന്നു. കൂടാതെ വിവാഹത്തിന് മുമ്പ് ബാലിയിലേക്ക് ഒരു യാത്രയും ഇരുവരും പ്ലാൻ ചെയ്തിരുന്നുഎന്നാൽ, എല്ലായാത്രാക്രമീകരണങ്ങളും പൂർത്തിയായ ശേഷം സിയ കേതനോട് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞതായും യാത്ര റദ്ദാക്കാൻ നിർബന്ധിതരായതായും കുടുംബം ആരോപിച്ചു. കേതൻന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ സിയയിൽനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു. സിയയുടെ മുഖത്ത് ഒരു സങ്കടവും ഉണ്ടായിരുന്നില്ലെന്നും അത് ഞങ്ങളെ അസ്വസ്ഥരാക്കിയെന്നും കേതന്റെ പിതാവ് പറഞ്ഞു.

Comments
Post a Comment