കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഗതാഗത കുരുക്കില്‍ വിയര്‍ത്ത് ഭക്തജനം

 


കൊട്ടിയൂര്‍:

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ ഇന്നലെ കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെ ത്തിയതോടെ മലയോര മേഖലയാകെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.


വാഹനങ്ങളുടെ നീണ്ടനിര കാരണം കൊട്ടിയൂർ, കേളകം, പേരാവൂർ, കണിച്ചാർ, കോളയാട് മേഖലകളിലെ റോഡുകള്‍ അക്ഷരാർഥത്തില്‍ നിശ്ചലമായി.


നെടുംപൊയില്‍ ചുരം മുതല്‍ കൊട്ടിയൂർ ഭാഗത്തേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടു. കോളയാട് മുതല്‍ പേരാവൂർ വരെയും കൊളക്കാട് മുതല്‍ കേളകം വരെയും പേരാവൂർ മുതല്‍ കേളകം വരെയുള്ള പ്രധാന പാതകളിലും സമാന്തര റോഡുകളിലും ഗതാഗത ക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു.


കൊട്ടിയൂർ നീണ്ടുനോക്കി ടൗണ്‍ മുതല്‍ ക്ഷേത്രപരിസരം വരെ ഒരു വാഹനത്തിന് പോലും എളുപ്പത്തില്‍ സഞ്ചരിക്കാനാകാത്ത സാഹചര്യമുണ്ടായി. സ്വകാര്യ വാഹനങ്ങള്‍, ബസുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവയുടെ അമിത തിരക്കാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. കുരുക്കില്‍പ്പെട്ട നിരവധി ഭക്തർക്ക് മണിക്കൂറുകളോളം വാഹനങ്ങളില്‍ തന്നെ കഴിയേണ്ടി വന്നു.


കൊട്ടിയൂരിലെ തിരക്ക് നിയന്ത്രിക്കാൻ മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ പോലീസ് പിടിച്ചിടുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ഞായറാഴ്ച നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങള്‍ ഇത്തവണ ഒരുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഭക്തരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച വലിയ ബസുകളും മറ്റും കേളകത്ത് പാർക്ക് ചെയ്യിച്ച്‌ അവിടെ നിന്ന് കെഎസ്‌ആർടിസി യുടെ പ്രത്യേക ഷട്ടില്‍ സർവീസുകള്‍ വഴി ഭക്തരെ കൊട്ടിയൂരിലേക്ക് എത്തിച്ചിരുന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായകമായിരുന്നു.


എന്നാല്‍ ഇത്തവണ സമാനമായ സംവിധാനം ഒരുക്കാത്തതും വാഹന നിയന്ത്രണത്തില്‍ വേണ്ടത്ര മുൻകരുതല്‍ സ്വീകരിക്കാത്തതും വലിയ വീഴ്ചയായെന്നാണ് പൊതുവായ വിമർശനം.


ഭക്തജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് പ്രതീക്ഷിച്ചിരുന്നിട്ടും അതിനനുസരിച്ചുള്ള ട്രാഫിക് മാനേജ്മെന്റ്നടപ്പിലാക്കുന്നതില്‍ അധികൃതർ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ശക്തമാണ്.

കൊട്ടിയൂർ മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സംവിധാനങ്ങളും ഷട്ടില്‍ സർവീസുകളും ഏർപ്പെടുത്തി ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..