കാണാതായ അഞ്ച് വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിനത്തിലേക്ക്.
പാലക്കാട് : ചിറ്റൂരില്‍ നിന്നും കാണാതായ അഞ്ച് വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിനത്തിലേക്ക്.
ഇന്നലെ പകല്‍ 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്പാട്ടു പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസിൻ്റെയും തൗഹിതയുടെയും മകനാണ് സുഹാന്‍.
ഇന്നലെ രാത്രി വൈകിയും സമീപ പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.
ഇതിന് പുറമെ പ്രദേശത്തെ സി സി ടി വികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു. സമീപത്തെ കിണറുകള്‍, കുളങ്ങള്‍, വയലുകള്‍ തുടങ്ങിയവയിലും ഇന്നലെ പരിശോധന നടത്തി.
രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ രാവിലെ തന്നെ പുന:രാരംഭിക്കാനാണ് തീരുമാനം. മുങ്ങലല്‍ വിദഗ്ധരെ ഉള്‍പ്പെടെ എത്തിച്ച് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് നീക്കം.
സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ് സുഹാന്‍ എന്നാണ് വിവരം. സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.
വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പസമയത്തിന് ശേഷം കാണാതാവുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. ഇദ്ദേഹം ഇന്ന് നാട്ടിൽ എത്തുമെന്നാണ് വിവരം.

Comments
Post a Comment