ആ ധീരമായ പോരാട്ടം വിഫലമായി. ആ 3 ഡോക്ടർമാരുടെ സമാനതകളില്ലാത്ത പരിശ്രമങ്ങൾക്കും ലിനുവിനെ തിരികെ എത്തിക്കാനായില്ല, ഇനി പ്രിയപ്പെട്ട ഓർമ്മകളിൽ മാത്രം..

 



കൊച്ചി: എറണാകുളം ഉദയംപേരൂരിൽ വെച്ച് ഡോക്ടർമാർ വഴിയരികിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്ന കൊല്ലം സ്വദേശി ലിനു ആണ് മരിച്ചത്. വഴിയരികിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവ‍ ഡോക്ടർമാർക്ക് പൊതു സമൂഹത്തിൽ നിന്നും വലിയ കൈയ്യടികളാണ് കിട്ടിയത്.


കഴിഞ്ഞ ഞായറാഴ്ചയാണ് ഉദയംപേരൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി ലിനുവിന് ഗുരുതര പരിക്കേൽക്കുന്നത്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ 3 യുവഡോക്ടർമാരുട ശ്രമങ്ങൾ വലിയ ശ്രദ്ധയാണ് നേടിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര അവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ലിനുവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഒടുവിൽ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.


സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ലിനു ജോലി ആവശ്യത്തിനായി എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യയും 2 പെൺമക്കളുമുണ്ട് ലിനുവിന്. പരിക്കേറ്റ് ലിനുവിനെ മരണത്തിന് വിട്ടു കൊടുക്കാതെ ധൈര്യത്തോടെ പോരാടിയ ഡോ ബി മനൂപും, ഡോ തോമസ് പീറ്റവും, ഡോ ദിദിയ കെ തോമസും പൊലീസ് നൽകിയ ബ്ലോഡും സ്ട്രോയും ഉപകരണങ്ങളായി നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിലാണ് സാഹസികമായ ശസ്ത്രക്രിയ നടത്തിയത്.

Comments