കർണാടകയിലെ ചിത്രദുർഗയിൽ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ പൊള്ളലേറ്റ് മരിച്ചു.
പുലർച്ചെ രണ്ടോടെ ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയ പാത 48ലാണ് അപകടം. ബെംഗളൂരുവിൽ നിന്നും ഗോകർണത്തേക്ക് പുറപ്പെട്ട സ്ലീപ്പർ ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു.
കണ്ടെയ്നർ ലോറി സെൻട്രൽ ഡിവൈഡർ കടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ചിന് തീ പിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു.
ഓഡിറ്റിന് ശേഷമേ മരണസംഖ്യയുടെ ഔദ്യോഗിക കണക്ക് ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ശക്തിയും തുടർന്നുണ്ടായ തീപിടുത്തവും കാരണം ബസ് പൂർണമായും കത്തി നശിച്ചു.
ചിത്രദുർഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് സ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. ഹിരിയൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Comments
Post a Comment