റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതി പിടിയിൽ
കോഴഞ്ചേരിയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതി പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യവും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45-ഓടെയായിരുന്നു സംഭവം. ദിൻഷ ജോലി ചെയ്യുന്ന റിസോർട്ടിലെത്തിയ ജിത്തു, പത്തു മിനിറ്റോളം പെൺകുട്ടിയുമായി സംസാരിച്ചുനിന്നു. തുടർന്ന് തർക്കമുണ്ടാവുകയും, തന്നെ വഞ്ചിച്ചുവെന്ന് ആക്രോശിച്ചുകൊണ്ട് ജിത്തു കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയുടെ കഴുത്തിൽ തുടരെത്തുടരെ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം മുൻകൂട്ടി പദ്ധതിയിട്ടാണ് പ്രതിയെത്തിയതെന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നുമാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Comments
Post a Comment