തളിപ്പറമ്പ് :അയ്യോ... അത് എഐ; ഓണം ബംപറടിച്ചിട്ടില്ലെന്ന് രാഗേഷും സാഹിബും; ഭാഗ്യശാലി എവിടെ
തളിപ്പറമ്പ്: തിരുവോണം ബംപർ ഭാഗ്യശാലി തളിപ്പറമ്പിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണോ? ബംപർ നറുക്കെടുപ്പിനു മണിക്കൂറുകൾക്കു ശേഷവും ഭാഗ്യശാലിയെ തിരയുകയാണ് മലയാളികൾ. തളിപ്പറമ്പിൽനിന്ന് വിറ്റ TL 360615 ടിക്കറ്റ് ആരുടെ കൈവശമാണ് ഉള്ളതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസികൾ പലവഴിക്ക് ഇപ്പോഴും അന്വേഷിച്ചു വരികയാണ്.
അതിനിടെ ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തിൽ പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തളിപ്പറമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ എ.ഐ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ പേരിലാണ് എ.ഐ പോസ്റ്ററുകൾ പ്രചരിക്കുന്നത്. തങ്ങൾ ലോട്ടറി എടുത്തിട്ട് പോലുമില്ല എന്നാണ് ഇരുവരും പറയുന്നത്. സുഹൃത്തുക്കൾ തമാശയ്ക്ക് ഉണ്ടാക്കിയ പോസ്റ്ററുകളാണ് പലയിടങ്ങളിലും പ്രചരിക്കുന്നത്. പോസ്‌റ്ററുകൾ കണ്ട് നിരവധി ഫോൺ കോളുകൾ ആണ് ലഭിക്കുന്നത് എന്നും ഇരുവരും പറയുന്നു.
ചില്ലറ വിൽപ്പനക്കാരനായ സുജിത്തിന്റെ തളിപ്പറമ്പ് റജിസ്ട്രാർ ഓഫിസിന് മുന്നിലെ സ്റ്റാളിൽ നിന്നാണ് ഭാഗ്യശാലി ലോട്ടറിയെടുത്തത്. എന്നാൽ ലോട്ടറി വാങ്ങിയ ആളെ സുജിത്തനും കണ്ടെത്താനായിട്ടില്ല. തളിപ്പറമ്പ് ബസ്റ്ററ്റാൻഡിലെ തമ്പുരാൻ ലോട്ടറി ഏജൻസിൽനിന്നുമാണ് സുജിത്ത് ടിക്കറ്റ് വാങ്ങിയത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് തളിപ്പറമ്പിലെത്തുന്നത്.
ഒന്നാം സമ്മാനം ലഭിച്ച TL 360615 എന്ന നമ്പർ കണ്ടെത്താനായില്ലെങ്കിലും തൊട്ടടുത്ത ലോട്ടറി ടിക്കറ്റുകൾ വാങ്ങിയവരെ കണ്ടെത്തിയിട്ടുണ്ട്. 360614, 360617 നമ്പർ ലോട്ടറികൾ കൈവശമുള്ളവർ തളിപ്പറമ്പിലും പരിസരങ്ങളിലും ഉള്ളവരാണ്.

Comments
Post a Comment