സിന്തറ്റിക് ലഹരിയെ ചെറുക്കാന്‍ 'റിലാക്‌സ് സെന്ററുകള്‍'; പാപ്പിനിശ്ശേരിയില്‍ പദ്ധതിക്ക് തുടക്കമായി.

 



സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.




ലഹരിമുക്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുവതലമുറയെ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എക്‌സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന 'റിലാക്‌സ് സെന്ററു'കള്‍ക്ക് തുടക്കമായി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും ചെറുകുന്ന് ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ പാപ്പിനിശ്ശേരി ഹാപ്പിനസ് പാര്‍ക്കില്‍ സജ്ജമാക്കിയ റിലാക്‌സ് സെന്റര്‍ കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവമായ പ്രശ്‌നം സിന്തറ്റിക് ലഹരിയുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ വ്യക്തമാക്കി. ലഹരി ഉപയോഗം പൊതുസമൂഹത്തിലും കുടുംബങ്ങളിലും വലിയ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ കേരളീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും പുതിയ തലമുറയെ ഇത്തരം അപകടങ്ങളില്‍ വീഴാതെ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് റിലാക്‌സ് സെന്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒഴിവുസമയങ്ങള്‍ ആനന്ദകരവും സുരക്ഷിതവുമായി ചിലവഴിക്കുക (Rest and Entertainment in Leisure Time at Comfort Zone) എന്നതാണ് റിലാക്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളും യുവാക്കളും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കി, അവര്‍ക്ക് വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കല, കായികം തുടങ്ങിയ മേഖലകളിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് അവരെ ക്രിയാത്മകമായി വഴിതിരിച്ചുവിടാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 2016 മുതല്‍ വിമുക്തി മിഷനിലൂടെ എക്‌സൈസ് വകുപ്പ് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. 


ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് പദ്ധതി വിശദീകരിച്ചു. പരിപാടിക്ക് ആവശ്യമായ ബോര്‍ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ചന്ദ്രമതി, വിമുക്തി കോര്‍ഡിനേറ്റര്‍ സുജിത്ത് ഇല്ലങ്ങേരി, എക്‌സൈസ് റേഞ്ച് ഓഫീസ് വിമുക്തി കോര്‍ഡിനേറ്റര്‍ റാബിയ തുടങ്ങിയവര്‍ സംസാരിച്ചു. 


സെന്റ് മേരീസ് സ്‌കൂള്‍ ആറോണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം സാമൂഹിക പ്രതിബദ്ധതയോടെ പാപ്പിനിശ്ശേരി സെന്റ് മരിയ ഡി മത്തിയാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശുചിത്വത്തെക്കുറിച്ച് അവതരിപ്പിച്ച ലഘുനാടകം ഏറെ ശ്രദ്ധേയമായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??