നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

 


പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സുധാകരൻറെ മക്കള്‍ക്ക് നൽകണം.


2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.


വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.