പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ ചൂഷണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ തന്ത്രപൂര്‍വം വീട്ടിലേക്ക് എത്തിച്ചാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി തന്നെ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മാവൂരില്‍ വെച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 181 വനിതാ ഹെല്‍പ്‌ലൈനിലോ 1098 ചൈല്‍ഡ് ഹെല്‍പ്‌ലൈനിലോ വിവരം അറിയിക്കാവുന്നതാണ്.

Comments
Post a Comment