കാൽനൂറ്റാണ്ടിന് ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ.
കണ്ണൂർ: കാൽനൂറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലീസിന്റെ വലയിൽ.
2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്‌റഫിനെ (58) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കുറ്റകൃത്യത്തിന് ശേഷം നാടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്ന പ്രതി, ആദ്യത്തെ പത്ത് വർഷം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ മാറി മാറി തട്ടുകട നടത്തിയിരുന്നു. അവിടെ പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിൽ താമസിക്കുകയായിരുന്നു.
വേഷത്തിലും രൂപത്തിലും വന്ന മാറ്റങ്ങളും പഴയ വിവരങ്ങളൊന്നും ഇല്ലാതിരുന്നതും പോലീസിന് വലിയ വെല്ലുവിളിയായി.
സിറ്റി പോലീസ് കമ്മിഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് ചെന്നൈ, ബംഗളൂരു, മൈസൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഇതിലൂടെയാണ് പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ ഒരു ആഴ്ചയായി പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിൽ, ഇന്ന് പുലർച്ചെ കുറുമാത്തൂർ നിടുമുണ്ട എന്ന സ്ഥലത്ത് വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Comments
Post a Comment