ബിസ്ക‌റ്റ് പാക്ക് തൂക്കിനോക്കിയപ്പോൾ 25 ഗ്രാം കുറവ്; പാർലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ





കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിർമാതാക്കളായ പാർലെ ബിസ്കറ്റ് കമ്പനിയും വില്പനക്കാരായ ചക്കരക്കൽ

മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി.


അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.


2024 ജൂലായ് 26നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽനിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്. സമീപത്തെ കടയിൽ തൂക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മിഷനെ സമീപിച്ചു.


പരാതിക്കാരൻ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങൾ നിർമിച്ചതല്ലായിരിക്കാമെന്നും ഉത്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നും പാർലെ വാദിച്ചു. വിറ്റത് പാർലെ കമ്പനിയുടെ ഉത്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചു. തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്നും നിലപാടെടുത്തു.


രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ ഉത്പന്നം പാർലെയുടെതാണെന്നും അളവിൽ കുറവുള്ള ഉത്പന്നം വിറ്റത് വീഴ്ചയാണെന്നും വിലയിരുത്തി. വിൽപ്പനക്കാരനും ഒഴിഞ്ഞുമാറാനാകില്ലെന്നും നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടു.


കമ്പനി 10,000 രൂപയും ഹൈപ്പർമാർക്കറ്റ് 5000 രൂപയും കോടതിച്ചെലവായും നൽകണം. ഉത്തരവിൻ്റെ പകർപ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നൽകണം.


ഇല്ലെങ്കിൽ ഉത്തരവിട്ട തീയതി മുതൽ 12 ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി. പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി മുഹമ്മദ് സിനാൻ ഹാജരായി.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.