മുണ്ടേരി : ഉടമയുമായി തർക്കത്തിന് പിന്നാലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദൂരൂഹത.
മുണ്ടേരി: ഉടമയുമായുള്ള തർക്കത്തിന് പിന്നാലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ ദൂരൂഹത. ഏച്ചൂർ മാവിലാച്ചാലിലെ പോതിക്കോട്ടത്ത് ഹൗസിലെ പി ബൈജു (42) ആണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറരയോടെ കാനച്ചേരി ചാപ്പയിൽ വച്ച് ഗുഡ്സ് ഓട്ടോ ഉടമ അനൂപും ഡ്രൈവറായ ബൈജുവും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ നിലത്ത് തലയടിച്ച് വീണ ബൈജുവിനെ ഉടമ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ മാവിലാച്ചാലിലെ വീട്ടിൽ എത്തിച്ച് സ്ഥലം വിടുകയായിരുന്നു. തുടർന്ന് ബൈജുവിന്റെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ബൈജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വണ്ടിയുടെ പണം കൊടുക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇരുവരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചെതെന്നാണ് അറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുവായ സതീശന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈജുവിനെ മർദ്ദിച്ച കണ്ണൂർ സിറ്റി അവേരപറമ്പ് സ്വദേശിയായ ഗുഡ്സ് ഓട്ടോ ഉടമ അനൂപ് കുമാർ ഇപ്പോൾ ഏച്ചൂരിനടുത്താണ് താമസം.
പരേതനായ കുഞ്ഞപ്പ നായരുടെയും പോതി കോട്ടത്ത് നാണിയുടെ മകനാണ് മരണപ്പെട്ട ബൈജു. ഭാര്യ: സജ്ന.
മക്കൾ: ഐശ്വര്യ, ജിഷ്ണു.
സഹോദരങ്ങൾ: ബീന, സുനിത, ബാബു.

Comments
Post a Comment