കാസർകോട്ട് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് സമൂഹമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയതായി ബന്ധുക്കളുടെ പരാതി.
നാലത്തടുക്ക സ്വദേശിനി ജസീല (24) ആണ് മരിച്ചത്. സ്വർണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെ തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസീലയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിന് മുമ്പ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജസീല ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിന് പിന്നാലെയായിരുന്നു വിഷം കഴിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഭർത്താവിന്റെ വീടിന് സമീപം താമസിക്കുന്ന അയൽവാസിയായ യുവാവും കുടുംബവും ചേർന്നാണ് ജസീലയ്ക്കെതിരെ സ്വർണം മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചതെന്നും ഇതിനെ തുടർന്ന് പരസ്യമായ സ്വഭാവഹത്യയും മാനസിക പീഡനവും ഉണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ സമൂഹമധ്യത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, കുറ്റം തെളിയിക്കുന്ന യാതൊരു തെളിവുകളും ലഭിക്കാത്തതിനാൽ വിട്ടയച്ചതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ ചോദ്യം ചെയ്യലും ആരോപണങ്ങളും ജസീലയിൽ ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിച്ചതായാണ് കുടുംബത്തിന്റെ നിലപാട്.
ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിലെ സാഹചര്യങ്ങളും മാനസിക പീഡനം ഉണ്ടായോ എന്നതും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Comments
Post a Comment