സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം


യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ നാളെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയിരിക്കും



കൊളച്ചേരി: സംസ്ഥാന സർക്കാർ ബജറ്റ് അവതരണ വേളയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വികസന ഫണ്ട് യഥാസമയം നൽകാതെ പ്രാദേശിക സർക്കാരുകളെ വഞ്ചിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്

സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് കൊളച്ചേരി ഗ്രാമ

പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നത്

 സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന വികസന ഫണ്ട് ഒരിക്കലും പൂർണമായി നൽകാറുമില്ല എന്നുമാത്രമല്ല നൽകിയത് തന്നെ തിരിച്ചുപിടിക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പ്രാദേശിക സർക്കാറുകൾക്ക് നൽകേണ്ട വികസന ഫണ്ടിലെ മൂന്നാം ഗഡുവിൽ നിന്ന് ചെറിയൊരു വിഹിതം മാത്രം നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം കൈമാറി എന്ന് പെരുമ്പറ മുഴക്കുകയാണ്. കഴിഞ്ഞവർഷം ഇപ്രകാരം ബജറ്റിൽ വകയിരുത്തിയ ഫണ്ടിന്റെ അവസാന ഗഡു സർക്കാർ അനുവദിച്ചു നൽകിയത് മാർച്ച് 30ന് രാത്രിയിലാണ്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുമെന്നി രിക്കെ ഒറ്റ ദിവസം കൊണ്ട് ഈ തുക ചിലവഴിച്ചു തീർക്കണം എന്നായിരുന്നു സർക്കാർ നിലപാട്. ഒരിക്കലും അത് സാധ്യമാവാത്തതുകൊണ്ട് പ്രാദേശിക സർക്കാറുകൾക്ക് ഫണ്ട് അനുവദിച്ചിട്ടും അവർ ചിലവഴിച്ചില്ല എന്ന കാരണം പറഞ്ഞ് സർക്കാർ പൈസ മുഴുവൻ ട്രഷറിയിൽ നിന്ന് തിരിച്ചു പിടിച്ചു. ഒരു ദിവസം ഫണ്ട് അനുവദിക്കുകയും പിറ്റേദിവസം ഫണ്ട് തിരിച്ചുപിടിക്കുകയും ചെയ്യുന്ന നാടകമാണ് സർക്കാർ നടത്തിയത്. ഈ വർഷവും അതേ രീതിയിൽ ആവർത്തിക്കുവാനാണ് സാധ്യത. എത്രയോ ദിവസങ്ങളായി ട്രഷറി നിയന്ത്രണം കാരണം കോടിക്കണക്കിന് രൂപയുടെ ബില്ലുകൾ ട്രഷറുകളിൽ നിന്ന് മാറ്റി കിട്ടാതെ വളരെ മുമ്പ് ലഭിച്ച ഫണ്ട് പോലും ചിലവഴിക്കാൻ സാധിക്കാതെ തദ്ദേശഭരണങ്ങൾ പ്രയാസത്തിലാണ്. പട്ടികജാതി വിഭാഗത്തിനുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പ്, ലൈഫ് ഭവന പദ്ധതിയിൽ ഉള്ള സാമ്പത്തിക സഹായം, ഭിന്നശേഷി വിദ്യാർഥി- വിദ്യാർഥിനികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ അതിപ്രധാനമായ പദ്ധതികൾ പോലും പഞ്ചായത്തിന് നടപ്പിലാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇതിനെല്ലാം പുറമേ നിർമ്മാണ പ്രവർത്തികളുടെ ബില്ലുകൾ തയ്യാറാക്കേണ്ട സോഫ്റ്റ്‌വെയർ തകരാറിലായി കിടക്കുകയാണ്. ഇതിൻറെ നിയന്ത്രണം സർക്കാരിൻറെ കയ്യിലാണ്. ഇത് കാരണം പൂർത്തിയാക്കിയ നിരവധി നിർമ്മാണ പ്രവർത്തികളുടെ ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാനും സാധിച്ചിട്ടില്ല. ഈ തകരാർ ഗവൺമെൻറ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് എന്നാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം. വളഞ്ഞ വഴിയിലൂടെ പ്രാദേശിക സർക്കാരുകളുടെ പദ്ധതി ചെലവ് തടഞ്ഞു നിർത്തുക എന്നുള്ള ഗൂഢമായ ലക്ഷ്യമാണ് ഇതിൻറെ പിന്നിലുള്ളത് എന്നാണ് ആക്ഷേപം. 29 നാണ് ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കേണ്ട അവസാന ദിവസം. അത കഴിഞ്ഞാൽ ട്രഷറിയിൽ ബില്ലുകൾ സ്വീകരിക്കേണ്ടതില്ല എന്നും അഥവാ സ്വീകരിച്ചാൽ തന്നെ അവയെല്ലാം ക്യൂ ബിൽ ആക്കി മാറ്റി അടുത്ത വർഷത്തെ പണം ലഭിക്കുമ്പോൾ അതിൽ നിന്ന് എടുത്തു കൊടുക്കാവുന്ന രൂപത്തിലേക്ക് ആക്കി മാറ്റുവാനും ട്രഷറികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന സംസ്ഥാന സർക്കാരിൻറെ നിലപാടിനെതിരിലാണ് പഞ്ചായത്ത് മെമ്പർമാർ തന്നെ നേരിട്ട് സമരം നടത്തുന്നത്. ജനങ്ങൾക്ക് നൽകേണ്ടുന്ന പല ആനുകൂല്യങ്ങളും നൽകാൻ കഴിയാതെ അവരുടെ മുന്നിൽ പ്രതികളായി; നിസ്സഹായരായി നിൽക്കേണ്ടി വരുന്ന ജനപ്രതിനിധികൾ ഈ കാര്യങ്ങൾ സമൂഹത്തിനു മുമ്പാകെ വിളിച്ചു പറയുന്നതിനു വേണ്ടി കൂടിയാണ് സമര രംഗത്തേക്ക് ഇറങ്ങിയിട്ടുള്ളത്. സംസ്ഥാന സർക്കാരിൻറെ ധന ദുർവിനിയോഗവും പിടിപ്പുകേടും കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പരമാവധി ദ്രോഹിച്ചു അവർക്ക് വകയിരുത്തിയ ഫണ്ട് തിരിച്ചെടുത്ത് ആശ്വാസം കൊള്ളാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 

          കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുന്ന പ്രതിഷേധ കുത്തിയിരിപ്പ് സമരത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്ക് പുറമെ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പങ്കെടുക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം